Sunday, February 20, 2011

മനുഷ്യത്വത്തിന്റെ ചങ്ങലകള്‍

പ്ലാറ്റ്ഫോമില്‍ പച്ചക്കൊടി ഉയര്‍ത്തപ്പെട്ടു. തീവണ്ടിയുടെ ചൂളം വിളി മുഴങ്ങി.  പതുക്കെ പതുക്കെ വണ്ടി നീങ്ങിത്തുടങ്ങി. അപ്പോഴും ആളുകള്‍ അതിലേയ്ക്ക് ഓടിക്കയരുന്നുണ്ടായിരുന്നു. പെട്ടെന്ന് വണ്ടിയുടെ വേഗത വര്‍ധിച്ചു. റെയില്‍വേ  സ്റ്റേഷനെ ആകെ കുലുക്കി മറിച്ചുകൊണ്ട് അത്  അകന്നു പോയി.

പ്ലാറ്റ്ഫോമില്‍ നിന്നും ആളുകള്‍ മെല്ലെ പിരിഞ്ഞു തുടങ്ങി. പക്ഷെ അയാള്‍  സിമന്റ്‌ ബെഞ്ചില്‍ തന്നെ ഇരുന്നത്തെ ഉള്ളു. ദൂരെ മറയുന്ന പുകച്ചുരുളുകള്‍ നോക്കി അയാള്‍ പകച്ച്ഇരുന്നു. തനിക്കു പോകേണ്ടിയിരുന്ന ട്രെയിന്‍ ആയിരുന്നു അത്. കയറാന്‍ കഴിഞ്ഞില്ല. ശ്രമിച്ചതാണ്. പക്ഷെ കയറാന്‍ തുടങ്ങുമ്പോള്‍ കാലുകള്‍ വിറയ്ക്കുന്നു. ശരീരം ആകെ തളരുന്നത് പോലെ.  ഇതിപ്പോള്‍  മൂന്നാമത്തെ ദിവസം ആണ് ഇങ്ങനെ സംഭവിക്കുന്നത്‌.  താന്‍ ഓഫീസില്‍ പോയിട്ട് മൂന്നു ദിവസം ആയെന്നു അയാള്‍ ഓര്‍മിച്ചു. അവധി എടുത്തിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസവും ഓഫീസിലേക്ക് വിളിച്ചു പറഞ്ഞ കള്ളം തന്നെ  ഇന്നും ആവര്‍ത്തിക്കണം. 'അസുഖം കുറവില്ല'.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയുള്ള തന്റെ പ്രവൃത്തികള്‍ തന്റെ ഭാര്യയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്നു അയാള്‍ക്ക് അറിയാംഇന്ന് എന്ത് വന്നാലും താന്‍ ഓഫീസില്‍ പോകും എന്ന് അവള്‍ക്കു വാക്ക് കൊടുത്തിരുന്നതാണ്. അത് പാലിക്കാന്‍ കഴിഞ്ഞില്ലെന്നു അവളോട്‌  എങ്ങനെ പറയും? പാറുക്കുട്ടിയോടു മിണ്ടിയിട്ടും കൂടെ കളിച്ചിട്ടും ഒക്കെ എത്ര ദിവസങ്ങള്‍ ആയി. അതില്‍ അവള്‍ക്കു നല്ല പരിഭവം ഉണ്ട്. പക്ഷെ ആരും അറിയുന്നില്ലെല്ലോ, 5 വയസ്സുള്ള തന്റെ മകളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ 23 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയുടെ മുഖം ആണ് അയാള്‍ക്ക് ഓര്‍മ വരുന്നതെന്ന്. ആകെ ചോരയില്‍ കുളിച്ചു, ചിതറിത്തകര്‍ന്ന ഒരു മുഖം. 

മനസ്സ് നീറ്റുന്ന പലതരം ചിന്തകള്‍, ആക്രമിക്കാന്‍ വരുന്ന ഒരു തേനീച്ച കൂട്ടത്തിന്റെ മൂളക്കം പോലെ അയാളെ പൊതിഞ്ഞു നിന്നു. തനിക്കു ഭ്രാന്ത് പിടിച്ചേക്കും എന്ന് തോന്നിയ ഒരു നിമിഷത്തില്‍ അയാള്‍ അവിടെ നിന്നും എഴുന്നേറ്റു. പതിയെ റെയില്‍വേ സ്റ്റേഷന്റെ പുറത്തേയ്ക്ക് ഇറങ്ങി, എങ്ങോട്ടെന്നു ഇല്ലാതെ കുറെ ദൂരം അലഞ്ഞു. തെനീച്ചക്കുട്ടം അയാളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പെട്ടെന്ന് അയാള്‍ തനിക്കു പോകാനുള്ള സ്ഥലം ഏതെന്നു തിരിച്ചറിഞ്ഞു. ഉറച്ച കാല്‍വെപ്പുകളോടെ അയാള്‍ വേഗം ഓട്ടോ സ്റ്റാന്റ് ലേക്ക്  നടന്നു. 

  ആ വീട് കണ്ടു പിടിക്കാന്‍ ഒട്ടും പ്രയാസം ഉണ്ടായില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരുപാട് ആളുകള്‍ അന്വേഷിച്ചു എത്തുന്ന വീടാണല്ലോ അത്. ആ വീട്ടിലും, ചുറ്റുമുള്ള പ്രകൃതിയില്‍ പോലും ദുഃഖം തളം കെട്ടി നിന്നിരുന്നു. അവിടെ കണ്ട മുഖങ്ങള്‍ ഒന്നും അയാള്‍ക്ക് പരിചിതമായിരുന്നില്ല. പക്ഷെ ഒരു മുഖം മാത്രം, സ്വീകരണ മുറിയിലെ ചുവരില്‍ പതിച്ച ആ മാലയിട്ട ചിത്രത്തിലെ മുഖം മാത്രം അയാള്‍ക്ക് പരിചയം ഉണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അയാളുടെ ചിന്തകളില്‍ ചോരയും ഒലിപ്പിച്ചു കടന്നു വരാറുള്ള അതേ മുഖം. ഫോട്ടോയിലെ ആ മുഖത്തിനു എന്തൊരു നിഷ്കളങ്കത ആണ്. ചിരിക്കുന്ന ആ മുഖം നോക്കി അയാള്‍ കുറെ നേരം കണ്ണിമ വെട്ടാതെ നോക്കി നിന്നു. പശ്ചാത്താപത്തിന്റെ ചുടു നിശ്വാസങ്ങളോടെ. തന്റെ മനസ്സില്‍ പതിഞ്ഞു പോയ വികൃതമായ മുഖം ഇളക്കി  മാറ്റാന്‍  പരിശ്രമിക്കുകയായിരുന്നു അയാള്‍.  പക്ഷെ കഴിഞ്ഞെന്നു തോനുന്നില്ല.

പ്രജ്ഞ തിരിച്ചു കിട്ടിയപ്പോള്‍, അകത്തെ മുറികളില്‍ എവിടെ നിന്നോ ഒരു പതുങ്ങിയ തേങ്ങല്‍ അയാളുടെ കാതുകളില്‍ പതിച്ചു. അയാള്‍ ആ തേങ്ങലിനെ പിന്തുടര്‍ന്ന് ചെന്നു. അവിടെ ഒരു മുറിയില്‍, ഭ്രാന്തിയെ പോലെ മുടി അഴിച്ചിട്ടു, കണ്ണുകള്‍ നിറച്ചു ഒരു സ്ത്രീ കട്ടിലില്‍ കിടന്നു വിതുമ്പുകയാണ്. ആരൊക്കെയോ ചുറ്റും ഇരിപ്പുണ്ട്. മകളുടെ ഓര്‍മ്മകള്‍ ആ അമ്മയുടെ കണ്ണുകളില്‍ കൂടി ഒലിച്ചിറങ്ങുന്ന നിമിഷങ്ങളില്‍ ആ തേങ്ങല്‍ ഒരു പൊട്ടിക്കരച്ചിലായി മാറുന്നുണ്ട് .
ആ അമ്മയെ ആശ്വസിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിവുണ്ടായിരുന്നില്ല. ആരോടും ഒന്നും പറയാതെ അയാള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങി. മറ്റുള്ളവര്‍ എല്ലാവരും അവജ്ഞയോടെ തന്നെ നോക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. പക്ഷെ അവര്‍ക്കൊന്നും തന്നെ അറിയില്ലല്ലോ. വെറുതെ തോന്നിയതാവും.

ആശ്വാസം തേടിയെത്തിയ അയാള്‍, മനസ്സില്‍ കൂടുതല്‍ ഭാരവുമായി അവിടെ നിന്നും മടങ്ങി. തിരികെ നടക്കുമ്പോള്‍, ആ നശിച്ച രാത്രി, ഒരു തീവണ്ടി പോലെ അലറി വിളിച്ചു കൊണ്ട് അയാളുടെ മനസ്സിലേക്ക്  കുതിച്ചെത്തി. 

അവള്‍ ഒറ്റയ്ക്ക് ആ കമ്പാര്ട്ടുമെന്റിലേക്ക് പോകുന്നത് താന്‍ കണ്ടതാണ്. അവള്‍ക്കു പിറകെ ആ ഒറ്റക്കയന്‍ ഓടി കയറിയപ്പോള്‍ മനസ്സില്‍ സംശയത്തിന്റെ സൈറന്‍ മുഴങ്ങിയിരുന്നതുമാണ്. യാത്രയ്ക്കിടെ, പിന്നില്‍ നിന്നും എപ്പോഴോ നിസ്സഹായതയുടെ ഒരു നിലവിളി കേട്ടപ്പോള്‍ താന്‍ പരിഭ്രാന്തനായി മറ്റുള്ളവരോട് അതെ കുറിച്ച് പറഞ്ഞു. പക്ഷെ മറ്റു യാത്രക്കാര്‍ ആരും അതു വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ട്രെയിനിന്റെ അപായച്ചങ്ങല വലിക്കാന്‍ ധൈര്യമില്ലാതെ, ആരെയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിയാതെ, നിസ്സഹായനായി നില്‍ക്കുവാന്‍ മാത്രമേ തനിയ്ക്ക് കഴിഞ്ഞുള്ളൂ. ഒടുവില്‍, ഉള്ളില്‍ നിന്നും പൊങ്ങിവന്ന ഭയത്തിനെ കടിച്ചമര്‍ത്തി, വേഗം വീട്ടില്‍ എത്തുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചു താനും മറ്റുള്ളവരില്‍ ഒരാളായി  ഇരുന്നു.  കയ്യെത്തും ദൂരത്തു നിന്നും, താന്‍ വലിക്കാതെ വിട്ടുകളഞ്ഞ  ചങ്ങലമനുഷ്യത്വത്തിന്റെ  ചങ്ങല, അതിന്റെ കണ്ണികള്‍ പൊട്ടി സ്വാര്‍ത്ഥതയുടെ നൂറായിരം കഷണങ്ങളായി ചിതറുന്നത്‌ അയാള്‍ നോക്കിയിരുന്നു.

ഒടുവില്‍ എല്ലാം കഴിഞ്ഞു, ചോരയില്‍ കുളിച്ച ആ ശരീരവും എടുത്തുകൊണ്ടു അവര്‍ തന്റെ മുന്നില്‍ കൂടി ആണ് പോയത്. ആ മുഖം ഒരിക്കല്‍ മാത്രമേ അയാള്‍ കണ്ടുള്ളൂ. ഇന്നും തന്നെ വിട്ടുപിരിയാതെ കൂടെവരുന്ന ആ മുഖം.

ചിന്തകളുടെ ലോകത്ത് നിന്നും അയാള്‍ സ്വബോധതിലേക്ക് തിരിച്ചു വന്നു. വെയില്‍ ഏറിയിരിക്കുന്നു. വീട്ടിലേക്കു തിരിച്ചു പോകണം. തന്നെ വേട്ടയാടാന്‍ കാത്തിരിക്കുന്ന അനേകം അനേകം ദിനങ്ങളില്‍ ഒന്നിന്റെ ചുട്ടു പഴുത്ത ചരല്‍ പാതയിലേക്ക് അയാള്‍ കാല്‍ നീട്ടി നടന്നു കേറി.

2 comments:

  1. തെളിച്ചമുള്ള ഭാഷ. അഭിനന്ദനങ്ങള്‍.

    ReplyDelete
  2. ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല അയാളെ, സ്വാര്‍ത്ഥത ആയിരുന്നു ഒരു വശത്ത് എന്കില്ലും, പേടി ആവാം ഒരു വശത്ത്. പലപ്പോഴും നമ്മുടെ മനസ്സില്‍ സഹായിക്കണം എന്നാ തോന്നല്‍ ഉണ്ടായാല്‍, നാം എങ്ങന്നെ സ്വാര്‍ത്ഥന്‍ ആവും. റോഡില്‍ ആക്സിടെന്റില്‍ പെട്ട ഒരാളെ കണ്ടാല്‍ ആഎന്തെങ്കില്ലും ചെയണം എന്ന് തോന്നും, പക്ഷെ നമ്മള്‍ ഒരു കാസ്‌ില്‍ അകപെടുന്ന ഇന്നത്തെ രീതിയെ ഒര്കുമ്പോള്‍ വേണ്ടാന്ന് വയ്കുന്നു.
    നല്ല ഭാഷ, പക്ഷെ എവിടെയ്യോ ഒരു മിസ്മാച് ഉണ്ട്. ചിലപ്പോള്‍ ഒന്ന് rearrange ചെയ്‌താല്‍ ശരി ആവും. ഇത് എന്റെ ഒരു അഭിപ്രായം മാത്രം. ആശയം നല്ലത് ആയിരുന്നു, പക്ഷെ രണ്ടു ബ്ലോഗില്ലും ഒരേ ആശയം തന്നെ. അത് മാറ്റണം. . .

    ReplyDelete