Sunday, February 20, 2011

മനുഷ്യത്വത്തിന്റെ ചങ്ങലകള്‍

പ്ലാറ്റ്ഫോമില്‍ പച്ചക്കൊടി ഉയര്‍ത്തപ്പെട്ടു. തീവണ്ടിയുടെ ചൂളം വിളി മുഴങ്ങി.  പതുക്കെ പതുക്കെ വണ്ടി നീങ്ങിത്തുടങ്ങി. അപ്പോഴും ആളുകള്‍ അതിലേയ്ക്ക് ഓടിക്കയരുന്നുണ്ടായിരുന്നു. പെട്ടെന്ന് വണ്ടിയുടെ വേഗത വര്‍ധിച്ചു. റെയില്‍വേ  സ്റ്റേഷനെ ആകെ കുലുക്കി മറിച്ചുകൊണ്ട് അത്  അകന്നു പോയി.

പ്ലാറ്റ്ഫോമില്‍ നിന്നും ആളുകള്‍ മെല്ലെ പിരിഞ്ഞു തുടങ്ങി. പക്ഷെ അയാള്‍  സിമന്റ്‌ ബെഞ്ചില്‍ തന്നെ ഇരുന്നത്തെ ഉള്ളു. ദൂരെ മറയുന്ന പുകച്ചുരുളുകള്‍ നോക്കി അയാള്‍ പകച്ച്ഇരുന്നു. തനിക്കു പോകേണ്ടിയിരുന്ന ട്രെയിന്‍ ആയിരുന്നു അത്. കയറാന്‍ കഴിഞ്ഞില്ല. ശ്രമിച്ചതാണ്. പക്ഷെ കയറാന്‍ തുടങ്ങുമ്പോള്‍ കാലുകള്‍ വിറയ്ക്കുന്നു. ശരീരം ആകെ തളരുന്നത് പോലെ.  ഇതിപ്പോള്‍  മൂന്നാമത്തെ ദിവസം ആണ് ഇങ്ങനെ സംഭവിക്കുന്നത്‌.  താന്‍ ഓഫീസില്‍ പോയിട്ട് മൂന്നു ദിവസം ആയെന്നു അയാള്‍ ഓര്‍മിച്ചു. അവധി എടുത്തിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസവും ഓഫീസിലേക്ക് വിളിച്ചു പറഞ്ഞ കള്ളം തന്നെ  ഇന്നും ആവര്‍ത്തിക്കണം. 'അസുഖം കുറവില്ല'.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയുള്ള തന്റെ പ്രവൃത്തികള്‍ തന്റെ ഭാര്യയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്നു അയാള്‍ക്ക് അറിയാംഇന്ന് എന്ത് വന്നാലും താന്‍ ഓഫീസില്‍ പോകും എന്ന് അവള്‍ക്കു വാക്ക് കൊടുത്തിരുന്നതാണ്. അത് പാലിക്കാന്‍ കഴിഞ്ഞില്ലെന്നു അവളോട്‌  എങ്ങനെ പറയും? പാറുക്കുട്ടിയോടു മിണ്ടിയിട്ടും കൂടെ കളിച്ചിട്ടും ഒക്കെ എത്ര ദിവസങ്ങള്‍ ആയി. അതില്‍ അവള്‍ക്കു നല്ല പരിഭവം ഉണ്ട്. പക്ഷെ ആരും അറിയുന്നില്ലെല്ലോ, 5 വയസ്സുള്ള തന്റെ മകളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ 23 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയുടെ മുഖം ആണ് അയാള്‍ക്ക് ഓര്‍മ വരുന്നതെന്ന്. ആകെ ചോരയില്‍ കുളിച്ചു, ചിതറിത്തകര്‍ന്ന ഒരു മുഖം. 

മനസ്സ് നീറ്റുന്ന പലതരം ചിന്തകള്‍, ആക്രമിക്കാന്‍ വരുന്ന ഒരു തേനീച്ച കൂട്ടത്തിന്റെ മൂളക്കം പോലെ അയാളെ പൊതിഞ്ഞു നിന്നു. തനിക്കു ഭ്രാന്ത് പിടിച്ചേക്കും എന്ന് തോന്നിയ ഒരു നിമിഷത്തില്‍ അയാള്‍ അവിടെ നിന്നും എഴുന്നേറ്റു. പതിയെ റെയില്‍വേ സ്റ്റേഷന്റെ പുറത്തേയ്ക്ക് ഇറങ്ങി, എങ്ങോട്ടെന്നു ഇല്ലാതെ കുറെ ദൂരം അലഞ്ഞു. തെനീച്ചക്കുട്ടം അയാളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പെട്ടെന്ന് അയാള്‍ തനിക്കു പോകാനുള്ള സ്ഥലം ഏതെന്നു തിരിച്ചറിഞ്ഞു. ഉറച്ച കാല്‍വെപ്പുകളോടെ അയാള്‍ വേഗം ഓട്ടോ സ്റ്റാന്റ് ലേക്ക്  നടന്നു. 

  ആ വീട് കണ്ടു പിടിക്കാന്‍ ഒട്ടും പ്രയാസം ഉണ്ടായില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരുപാട് ആളുകള്‍ അന്വേഷിച്ചു എത്തുന്ന വീടാണല്ലോ അത്. ആ വീട്ടിലും, ചുറ്റുമുള്ള പ്രകൃതിയില്‍ പോലും ദുഃഖം തളം കെട്ടി നിന്നിരുന്നു. അവിടെ കണ്ട മുഖങ്ങള്‍ ഒന്നും അയാള്‍ക്ക് പരിചിതമായിരുന്നില്ല. പക്ഷെ ഒരു മുഖം മാത്രം, സ്വീകരണ മുറിയിലെ ചുവരില്‍ പതിച്ച ആ മാലയിട്ട ചിത്രത്തിലെ മുഖം മാത്രം അയാള്‍ക്ക് പരിചയം ഉണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അയാളുടെ ചിന്തകളില്‍ ചോരയും ഒലിപ്പിച്ചു കടന്നു വരാറുള്ള അതേ മുഖം. ഫോട്ടോയിലെ ആ മുഖത്തിനു എന്തൊരു നിഷ്കളങ്കത ആണ്. ചിരിക്കുന്ന ആ മുഖം നോക്കി അയാള്‍ കുറെ നേരം കണ്ണിമ വെട്ടാതെ നോക്കി നിന്നു. പശ്ചാത്താപത്തിന്റെ ചുടു നിശ്വാസങ്ങളോടെ. തന്റെ മനസ്സില്‍ പതിഞ്ഞു പോയ വികൃതമായ മുഖം ഇളക്കി  മാറ്റാന്‍  പരിശ്രമിക്കുകയായിരുന്നു അയാള്‍.  പക്ഷെ കഴിഞ്ഞെന്നു തോനുന്നില്ല.

പ്രജ്ഞ തിരിച്ചു കിട്ടിയപ്പോള്‍, അകത്തെ മുറികളില്‍ എവിടെ നിന്നോ ഒരു പതുങ്ങിയ തേങ്ങല്‍ അയാളുടെ കാതുകളില്‍ പതിച്ചു. അയാള്‍ ആ തേങ്ങലിനെ പിന്തുടര്‍ന്ന് ചെന്നു. അവിടെ ഒരു മുറിയില്‍, ഭ്രാന്തിയെ പോലെ മുടി അഴിച്ചിട്ടു, കണ്ണുകള്‍ നിറച്ചു ഒരു സ്ത്രീ കട്ടിലില്‍ കിടന്നു വിതുമ്പുകയാണ്. ആരൊക്കെയോ ചുറ്റും ഇരിപ്പുണ്ട്. മകളുടെ ഓര്‍മ്മകള്‍ ആ അമ്മയുടെ കണ്ണുകളില്‍ കൂടി ഒലിച്ചിറങ്ങുന്ന നിമിഷങ്ങളില്‍ ആ തേങ്ങല്‍ ഒരു പൊട്ടിക്കരച്ചിലായി മാറുന്നുണ്ട് .
ആ അമ്മയെ ആശ്വസിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിവുണ്ടായിരുന്നില്ല. ആരോടും ഒന്നും പറയാതെ അയാള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങി. മറ്റുള്ളവര്‍ എല്ലാവരും അവജ്ഞയോടെ തന്നെ നോക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. പക്ഷെ അവര്‍ക്കൊന്നും തന്നെ അറിയില്ലല്ലോ. വെറുതെ തോന്നിയതാവും.

ആശ്വാസം തേടിയെത്തിയ അയാള്‍, മനസ്സില്‍ കൂടുതല്‍ ഭാരവുമായി അവിടെ നിന്നും മടങ്ങി. തിരികെ നടക്കുമ്പോള്‍, ആ നശിച്ച രാത്രി, ഒരു തീവണ്ടി പോലെ അലറി വിളിച്ചു കൊണ്ട് അയാളുടെ മനസ്സിലേക്ക്  കുതിച്ചെത്തി. 

അവള്‍ ഒറ്റയ്ക്ക് ആ കമ്പാര്ട്ടുമെന്റിലേക്ക് പോകുന്നത് താന്‍ കണ്ടതാണ്. അവള്‍ക്കു പിറകെ ആ ഒറ്റക്കയന്‍ ഓടി കയറിയപ്പോള്‍ മനസ്സില്‍ സംശയത്തിന്റെ സൈറന്‍ മുഴങ്ങിയിരുന്നതുമാണ്. യാത്രയ്ക്കിടെ, പിന്നില്‍ നിന്നും എപ്പോഴോ നിസ്സഹായതയുടെ ഒരു നിലവിളി കേട്ടപ്പോള്‍ താന്‍ പരിഭ്രാന്തനായി മറ്റുള്ളവരോട് അതെ കുറിച്ച് പറഞ്ഞു. പക്ഷെ മറ്റു യാത്രക്കാര്‍ ആരും അതു വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ട്രെയിനിന്റെ അപായച്ചങ്ങല വലിക്കാന്‍ ധൈര്യമില്ലാതെ, ആരെയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിയാതെ, നിസ്സഹായനായി നില്‍ക്കുവാന്‍ മാത്രമേ തനിയ്ക്ക് കഴിഞ്ഞുള്ളൂ. ഒടുവില്‍, ഉള്ളില്‍ നിന്നും പൊങ്ങിവന്ന ഭയത്തിനെ കടിച്ചമര്‍ത്തി, വേഗം വീട്ടില്‍ എത്തുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചു താനും മറ്റുള്ളവരില്‍ ഒരാളായി  ഇരുന്നു.  കയ്യെത്തും ദൂരത്തു നിന്നും, താന്‍ വലിക്കാതെ വിട്ടുകളഞ്ഞ  ചങ്ങലമനുഷ്യത്വത്തിന്റെ  ചങ്ങല, അതിന്റെ കണ്ണികള്‍ പൊട്ടി സ്വാര്‍ത്ഥതയുടെ നൂറായിരം കഷണങ്ങളായി ചിതറുന്നത്‌ അയാള്‍ നോക്കിയിരുന്നു.

ഒടുവില്‍ എല്ലാം കഴിഞ്ഞു, ചോരയില്‍ കുളിച്ച ആ ശരീരവും എടുത്തുകൊണ്ടു അവര്‍ തന്റെ മുന്നില്‍ കൂടി ആണ് പോയത്. ആ മുഖം ഒരിക്കല്‍ മാത്രമേ അയാള്‍ കണ്ടുള്ളൂ. ഇന്നും തന്നെ വിട്ടുപിരിയാതെ കൂടെവരുന്ന ആ മുഖം.

ചിന്തകളുടെ ലോകത്ത് നിന്നും അയാള്‍ സ്വബോധതിലേക്ക് തിരിച്ചു വന്നു. വെയില്‍ ഏറിയിരിക്കുന്നു. വീട്ടിലേക്കു തിരിച്ചു പോകണം. തന്നെ വേട്ടയാടാന്‍ കാത്തിരിക്കുന്ന അനേകം അനേകം ദിനങ്ങളില്‍ ഒന്നിന്റെ ചുട്ടു പഴുത്ത ചരല്‍ പാതയിലേക്ക് അയാള്‍ കാല്‍ നീട്ടി നടന്നു കേറി.

Saturday, February 5, 2011

നിസ്സാരമായ തെറ്റുകള്‍....

 ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ചെയ്തുപോയ ഒരു തെറ്റ്, വളരെ ചെറിയ ഒരു തെറ്റ്, പിന്നീട് ഒരുപാടുകാലം നിങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടോ? സമയചക്രം പിന്നിലേക്ക്‌ കറക്കി ആ ഒരു നിമിഷത്തിലേക്ക്‌ തിരിച്ചു ചെല്ലാന്‍ കഴിഞ്ഞെങ്കില്‍ ആ തെറ്റ് തിരുത്താമായിരുന്നു എന്ന് ചിന്തിച്ചു പോയിട്ടുണ്ടോ? എങ്കില്‍ ഈ കഥയിലെ ഞാന്‍, ഒരു പക്ഷെ നിങ്ങള്‍ തന്നെ ആവാം.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. നാട്ടിലേക്കുള്ള ബസ്സും കാത്തു ഞാന്‍ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ഒപ്പം എന്റെ സഹോദരിയും ഉണ്ട്. സമയം ഏറെ വൈകിയിരുന്നു. ഓഫീസില്‍ ഇന്ന് പതിവിലും അധികം പണി ഉണ്ടായിരുന്നതുകൊണ്ട് ഇറങ്ങാന്‍ വൈകി. കുറച്ചധികം നേരമായി ബസ്സുകള്‍ ഒന്നും വരുന്നില്ല. അല്ലെങ്കിലും കാത്തുനില്ക്കാന്‍ ആളുകള്‍ ഉണ്ടെന്നു അറിയുമ്പോള്‍ ഈ ബസ്സുകള്‍ എന്നും താമസിച്ചല്ലേ വരാറുള്ളൂ!!!! അക്ഷമനായി ഞാന്‍ പിറുപിറുത്തു. ബസ്‌ സ്റ്റോപ്പില്‍ നാലഞ്ച് പേര്‍ കൂടി നില്‍പ്പുണ്ട്. എല്ലാവരുടെയും മുഖത്ത്  ദേഷ്യവും നിരാശയും ഒക്കെ കാണാം.

അപ്പോഴാണ്‌ അവിടേക്ക് ഒരു ബസ്‌ വന്നു നിന്നത്. ഞാന്‍ ബോര്‍ഡ്‌ വായിച്ചു. എനിക്ക് പോകാനുള്ള ബസ്‌ അല്ല. നാശം. ഇന്ന് ഇത്തിരി നേരത്തെ ഓഫീസില്‍ നിന്ന് ഇറങ്ങെണ്ടതായിരുന്നു!!

ബസ്‌ സ്റ്റോപ്പില്‍ നിന്നിരുന്നവരില്‍ ചിലര്‍ ആ ബസ്സില്‍ കയറിപ്പോയി.

ആ ബസ്സില്‍ വന്നിറങ്ങിയതാവണം ഒരു കുടുംബം. ഭാര്യയും ഭര്‍ത്താവും ഒരു മകനും. ഭര്‍ത്താവിന്റെ കയ്യില്‍ രണ്ടു വലിയ ബാഗുകള്‍. അവരുടെ കയ്യിലും ഉണ്ട് കുറെ കവറുകള്‍. കണ്ടിട്ട് കാര്യമായ ഒരു shopping കഴിഞ്ഞു വരികയാണെന്ന് തോന്നുന്നു. അവര്‍ മകനെ എതിരെയുള്ള ഓട്ടോ സ്റാന്റിലേക്ക് പറഞ്ഞു വിട്ടു, എന്നിട്ട് തിരിഞ്ഞു നിന്ന് ഭര്‍ത്താവിനോട് എന്തൊക്കെയോ ദേഷ്യത്തില്‍ പറയുന്നുണ്ട്. അയാള്‍ പക്ഷെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മറിച്ചു, തന്നെ വഴക്ക് പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കുന്നുണ്ടോ എന്നായിരുന്നു അയാള്‍ ശ്രദ്ധ. അയാളുടെ ഭാഗ്യത്തിന് മകന്‍ വേഗം തന്നെ ഒരു ഓട്ടോയുമായി എത്തി. പക്ഷെ ഓട്ടോയില്‍ കയറിയിട്ടും ആ സ്ത്രീ അയാളോടുള്ള ശകാരം തുടര്‍ന്നു.

ബസ്സ്‌ സ്റ്റോപ്പില്‍ നിന്ന കുറേപ്പേര്‍ ആ ബസ്സില്‍ കയറിപ്പോയെന്നു തോന്നുന്നു. ഇപ്പോള്‍ ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അപ്പോഴാണ്‌ ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത്. ഒത്ത ശരീരം, കട്ടി മീശ. പാന്റും ഷര്‍ട്ടും ആണ് വേഷം. ഒരു കറുത്ത കണ്ണട ധരിച്ചിട്ടുണ്ട്. ഈ രാത്രിയിലും കണ്ണടയോ?ചുറ്റുപാടും എന്തോ പരതുന്നുണ്ട്. അയാള്‍ അന്ധന്‍ ആണെന്ന് തോന്നുന്നു. അടുത്ത് ആളുകള്‍ ആരെങ്കിലും നില്ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയാവും. പാവം. എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ ആരും അയാളെ ശ്രദ്ധിക്കുന്നേയില്ല.   

ഞാന്‍ പതിയെ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു. എന്നിട്ട് കാര്യം തിരക്കി. അയാള്‍ ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞു. അവിടേക്ക് പോകണം. സമയം വൈകിയത് കാരണം ഇന്നിനി ബസ്സുകള്‍ ഒന്നും ഉണ്ടാവില്ല. ഒരു ഓട്ടോ വിളിച്ചു പോകണം. അതിനാണ് ഒരു സഹായത്തിനു ആളെ തിരഞ്ഞത്. ഓട്ടോ സ്റ്റാന്റ് റോഡിനു എതിര്‍ വശത്താണ്. റോഡ്‌ മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടാവും. പാവം. 'ഞാന്‍‍ ഓട്ടോ വിളിച്ചു വരാം' ഞാന്‍‍ അയാളോട് പറഞ്ഞു.

റോഡ്‌ മുറിച്ചു കടക്കാന്‍ തിരിഞ്ഞ ഞാന്‍‍ കണ്ടത് അവിടേക്ക് വന്നടുക്കുന്ന ഒരു ബസ്സ്‌ ആണ്. ഇത്തവണ എനിക്ക് പോകാനുള്ള ബസ്സ്‌ തന്നെ. ഒരു പാട് നേരമായുള്ള കാത്തിരിപ്പില്‍ മുഷിഞ്ഞത് കൊണ്ടാവാം, ആ ബസ്സിലേക്ക് ഓടിക്കേറാന്‍ ആണ് പെട്ടെന്ന് തോന്നിയത്. ഓട്ടോ വിളിക്കണം എങ്കില്‍ റോഡ്‌ മുറിച്ചു കടക്കന്നു കുറച്ചു ദൂരം പോകണം. അപ്പോഴേക്കും ഈ ബസ്സ്‌ പോകും എന്ന് ഉറപ്പാണ്‌. ഇനിയും ഒരു ബസ്സിനായി അവിടെ കാത്തു നില്‍ക്കുന്നതിനെ പറ്റി എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ. ബസ്റ്റ് സ്റ്റോപ്പില്‍ ആണെങ്കില്‍ ഇനിയും ആളുകള്‍ ശേഷിക്കുന്നുണ്ട്‌. അവരില്‍ ആരെങ്കിലും ഒരാള്‍ അയാള്‍ക്ക്‌ ഓട്ടോ വിളിച്ചു കൊടുക്കുക തന്നെ ചെയ്യും.

ഞാന്‍ തിരിഞ്ഞു നിന്ന് അയാളോട് പറഞ്ഞു
, 'ചേട്ടാ എനിക്ക് പോകാനുള്ള ബസ്സ്‌ വന്നു. ഞാന്‍ ഇതില്‍ കയറുകയാണ്. ഇവിടെ വേറെ ആളുകള്‍ നില്‍പ്പുണ്ട്. അവരില്‍ ആരെങ്കിലും ചേട്ടന് വണ്ടി വിളിച്ചു തരും'. ഇത് പറയുമ്പോള്‍ എത്രയും വേഗം ആ ബസ്സില്‍ ഒന്ന് കയറിപ്പട്ടുന്നതിനെ കുറിച്ച് മാത്രം ആയിരുന്നു എന്റെ ചിന്ത. അയാള്‍ തിരിച്ചൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
സഹോദരിയേയും കൂട്ടി ഞാന്‍ ആ ബസ്സിലേക്ക് ഓടിക്കയറി. നാശം, ഇരിക്കാന്‍ സീറ്റ്‌ ഇല്ല. എന്തായാലും വണ്ടി കിട്ടിയെല്ലോ. ഞാന്‍ സമാധാനിച്ചു. വണ്ടി വിട്ടുകഴിഞ്ഞപ്പോഴാണ്‌ ഞാന്‍ അയാളെ കുറിച്ച് ഓര്‍ത്തത്. ദൈവമേ ആരെങ്കിലും ആ ബസ്സ്‌ സ്റ്റോപ്പില്‍ അവശേഷിച്ചിട്ടുണ്ടാകുമോ? അവരില്‍ ആരെങ്കിലും ആ മനുഷ്യനെ ശ്രദ്ധിച്ചിട്ടുണ്ടാകുമോ? അയാള്‍ക്ക് ഒരു ഓട്ടോ വിളിച്ചു കൊടുത്തിട്ടുണ്ടാകുമോ? അതോ അയാള്‍ സ്വയം തപ്പി തടഞ്ഞു റോഡ്‌ മുറിച്ചു കടന്നു പോയിക്കാണുമോ? ചെയ്തത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നി. നിസ്സഹായനായ ആ മനുഷ്യന് വേണ്ടി വളരെ നിസ്സാരമായ ഒരു സഹായം പോലും, എന്റെ ജീവിതത്തിലെ രണ്ടു നിമിഷം മാത്രം വില കൊടുക്കേണ്ടുന്ന ഒരു സഹായം പോലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെല്ലോ.

ബസ്സിലെ
 കണ്ടുക്ടരോട്  എനിക്ക് ഇറങ്ങേണ്ട സ്ഥലപ്പേരു ഞാന്‍ പറഞ്ഞു. എന്റെ ശബ്ദം നന്നേ പതറിയിരുന്നത് കൊണ്ടാവാംഎനിക്ക്  അത് ഒരു വട്ടം കൂടി ആവര്‍ത്തിക്കേണ്ടി വന്നു. മനസ്സിന് വല്ലാത്തൊരു ഭാരം. ബസ്സിന്റെ കമ്പിതൂണില്‍ ചാരി ഞാന്‍ പുറത്തേക്കു നോക്കി ഇരുന്നു. രാത്രിയുടെ ഇരുട്ടില്‍ പിന്നിലേക്ക്‌ ഓടി മറയുന്ന നിഴലുകളെ നോക്കി ഞാനും ആഗ്രഹിച്ചു. നഷ്ടപ്പെട്ടുപോയ ആ നിമിഷത്തിലേക്ക് ഒന്ന് മടങ്ങി ചെല്ലാന്‍ കഴിഞ്ഞെങ്കില്‍ എന്ന്. ചെയ്തുപോയ ആ തെറ്റിന് , അല്ലെങ്കില്‍ ചെയ്യാതെ പോയ ആ ശരിക്ക് ഒരു പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍.

'ആരെങ്കിലും ഒരാള്‍ അയാള്‍ക്ക്‌ തീര്‍ച്ചയായും ഒരു ഓട്ടോ വിളിച്ചു കൊടുത്തു കാണും' എന്റെ മനസ്സ് വെറുതെ ആശ്വസിച്ചു....