Friday, March 18, 2011

ഓര്‍മ്മചില്ലയിലെ വാടാത്ത മാമ്പൂക്കള്‍

'കൊച്ചാട്ടന്‍ ഇല്ലേ ഇവിടെ?' കോളിംഗ്  ബെല്ലിന്റെ ശബ്ദം കേട്ട് നോക്കിയപ്പോള്‍ മുറ്റത്ത്‌ അപരിചിതമായ ഒരു മുഖം. 'അച്ഛന്‍ ഇവിടെ ഇല്ലഎന്താണ് കാര്യം?' ഞാന്‍ അന്വേഷിച്ചു. 'ആറ്റിന്‍ കരയിലുള്ള നാട്ടുമാവിന്റെ മാങ്ങകള്‍ വില്‍ക്കുന്നുണ്ടോ എന്നറിയാന്‍ വന്നതാണ്.' അയാള്‍ പറഞ്ഞു. 'നിങ്ങള്‍ ഒരല്പം കഴിഞ്ഞു വരൂ', ഞാന്‍ അയാളെ മടക്കി അയച്ചു. പുളിമൂട്ടിലെ മാങ്ങകള്‍ ഇപ്പോള്‍ പഴുത്തിട്ടുണ്ടാകുമോഞാന്‍ അമ്മൂമ്മയോട് തിരക്കി. 'ഇല്ല. അതിപ്പോള്‍ ഉണ്ണികള്‍ ആയിരിക്കും. ഇവര്‍ ഉണ്ണി മാങ്ങകള്‍ പറിച്ചു ചാക്കുകളിലാക്കി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. അച്ചാറിടാന്‍ വേണ്ടി. ഉണ്ണിമാങ്ങ അച്ചാറിന് ആവശ്യക്കാര്‍ ഏറെയല്ലേ?'  അപ്പോഴാണ്‌ ഉണ്ണിമാങ്ങാ അച്ചാറിന്റെ പുളിപ്പ് എന്റെ നാവില്‍ ഊറിയത്.

ഞാന്‍ ആ നാട്ടുമാവിനെ പറ്റി ഓര്‍ത്തു. അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് ആയിരുന്നു അമ്മയുടെ തറവാട്ട്‌ വീട്. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ തൊടി. ഈറ്റക്കാടുകള്‍ അതിരു തീര്‍ത്ത    തൊടിയില്‍  ആഞ്ഞിലിയും പ്ലാവും  കൂവളവും ഒക്കെ  ഉണ്ടായിരുന്നെങ്കിലും അവയെക്കാളൊക്കെ ഉയരത്തില്‍തലയെടുപ്പോടെ നിന്നത് ഈ മാവായിരുന്നു. എട്ട് അടിയോളം ചുറ്റളവുള്ള തടിയില്‍  നാലുപാടും അള്ളിപ്പടര്‍ന്നു  കയറിയിരിക്കുന്ന കുരുമുളക് വള്ളികള്‍ . മുറ്റത്താകെ തണല്‍ വിരിച്ചു പന്തല്‍ കെട്ടിയ ചില്ലകള്‍ഓര്‍മകളില്‍ ചുനയൂറുന്ന ഒരുപാട് മാമ്പഴക്കാലങ്ങള്‍ എനിക്ക് സമ്മാനിച്ചു ആ മുത്തശ്ശന്‍ മാവ്.

രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ആ മാവ് പൂക്കുക. അപ്പോള്‍  ആകാശത്തോളം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ചില്ലകളില്‍ നിറയെ തൂവെള്ള നിറത്തിലുള്ള മാമ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കും. ഒരിളം കാറ്റു വീശിയാല്‍മുറ്റം നിറയെ കളം വരച്ചു കൊണ്ട് പൂമഴ പെയ്യുമായിരുന്നു. പൂത്ത മാവ് പതിയെ കായ്ക്കും.  പിന്നെ   കായകളൊക്കെ പഴുത്തു മാമ്പഴങ്ങളായി കുലച്ചു നില്കും. അന്ന്ഞങ്ങള്‍  കുട്ടികള്‍, എപ്പോഴും  മാവിന്റെ ചുവട്ടില്‍ തന്നെയുണ്ടാവും. ആ കുലകളില്‍ ഒന്നിനെ  ഇക്കിളിയിട്ട് വീഴ്ത്തി കടന്നു പോകുന്ന ഒരു കാറ്റിനെ പ്രതീക്ഷിച്ചു കൊണ്ട്. അല്ലെങ്കില്‍  നീര്‍ത്തുള്ളികള്‍ക്കൊപ്പം മാമ്പഴങ്ങളും ചറ പറ പൊഴിച്ച് തന്നിരുന്ന ഒരു വേനല്‍ മഴയ്ക്ക്‌ വേണ്ടി. എനിക്കോര്‍മയുണ്ട് മാമ്പഴങ്ങള്‍  എറിഞ്ഞു  വീഴാന്‍  ഞങ്ങള്‍ക്ക്   ഒരിക്കലും  കഴിഞ്ഞിരുന്നില്ല. കാരണംഅത്രയ്ക്ക് ഉയരത്തില്‍ ആയിരുന്നു ആ മാവിന്റെ ചില്ലകള്‍.

കാറ്റും മഴയും ഒക്കെ സമ്മാനിച്ചിരുന്ന മാമ്പഴങ്ങള്‍ കൈക്കലാക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ മത്സരിക്കുമായിരുന്നു. ആദ്യം കണ്ടുപിടിക്കുന്നവന് അവകാശപ്പെട്ടതാണ് ആ മാമ്പഴം. അങ്ങനെ കിട്ടുന്ന മാമ്പഴങ്ങള്‍ കിണറ്റിന്‍ കരയില്‍ ചെന്ന് കഴുകിയെന്നു വരുത്തി കല്ലിലോ മരത്തിലോ ഉരുമ്മി ചുനയും കളഞ്ഞു നേരെ പുഴക്കരയിലെ കല്പ്പടവുകളിലേക്ക് ഓടും. ആ കല്പ്പടവുകളിലോന്നില്‍ ചെന്നിരുന്നു മാമ്പഴം നുണയുമ്പോള്‍അതിന്റെ രുചിയേക്കാള്‍ ഏറെഏതോ മത്സരത്തില്‍ ഒന്നാമതെത്തിയ സംതൃപ്തി ആയിരുന്നു മനസ്സില്‍. പഴുക്കാത്ത മാങ്ങകള്‍ ആവും ചിലപ്പോള്‍ കിട്ടിയിട്ടുണ്ടാവുക. ചിലപ്പോള്‍ ആ മാങ്ങകളില്‍ അവശേഷിച്ചിരുന്ന ചുന പുരണ്ടുചുണ്ടുകള്‍ പോള്ളിയിട്ടുണ്ടാവും. പക്ഷെ അതൊന്നും ഞങ്ങളുടെ ആവേശം കെടുത്തിയിരുന്നില്ല. ഒരു മാമ്പഴം കഴിച്ചു തീരുന്നതിനു മുന്‍പേമുറ്റത്ത്‌ അടുത്ത മാമ്പഴം വീണിട്ടുണ്ടാവും. വീണ്ടും അതിനു വേണ്ടിയുള്ള ഓട്ടമാണ്.

മഴ വീഴ്ത്തുന്ന മാമ്പഴങ്ങള്‍ക്കൊക്കെ എന്നും വേദന നിറഞ്ഞ ഒരു പുളിപ്പായിരുന്നു. മാനത്ത് മേഘങ്ങള്‍ക്ക് കനം വെക്കുമ്പോള്‍ കുട്ടികള്‍ പരസ്പരം ഒളികണ്ണിട്ടു ചിരിക്കും. ഒടുവില്‍, മഴ വീഴുമ്പോള്‍, തിണ്ണയിലെ ജന്നലഴികളില്‍ പിടിച്ചു ഞങ്ങള്‍ നിരന്നു നില്‍ക്കും. മുറ്റത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ നോക്കി. മാവില്‍ നിന്നു വീഴുന്ന മാമ്പഴങ്ങള്‍ക്കു കാതോര്‍ത്ത്. ഒരു മാങ്ങാ വീണാല്‍, പതിയെ ആരും കാണാതെ, മുറ്റത്തേക്ക് ഓടുകയായി. ഒരു മാങ്ങാ എടുക്കുമ്പോഴേക്കും പിന്നില്‍ മറ്റൊരെണ്ണം വീണിട്ടുണ്ടാവും. അങ്ങനെ കയ്യില്‍ കൊള്ളാവുന്നത്ര മാങ്ങകളുമായി വീട്ടിലേക്കു കയറുമ്പോഴേക്കും ആരെങ്കിലും ഞങ്ങളെ കണ്ടിട്ടുണ്ടാവും. അപ്പോള്‍ തന്നെ നല്ല 'ചുട്ട പെട' ഒരെണ്ണം കാലില്‍ വീണിട്ടുമുണ്ടാവും.

മാവില്‍ നിന്നു ആ വര്‍ഷത്തെ അവസാനത്തെ മാങ്ങയും വീണു കഴിയുമ്പോള്‍, ഒഴിഞ്ഞ കൂടകള്‍ പേറി നില്‍ക്കുന്ന ചില്ലകളെ നോക്കി ഞങ്ങള്‍ വെറുതെ സങ്കടപ്പെടും. മറ്റൊരു മാമ്പഴം വീഴാന്‍ ഇനി രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന്റെ ദൂരമുണ്ടല്ലോ.

 പക്ഷെ അടുത്ത വര്‍ഷവും ഞങ്ങള്‍ ആ മാവിന്‍ ചോട്ടില്‍ തന്നെ ഉണ്ടാവും. ഒഴിഞ്ഞ ചില്ലകള്‍ക്കിടയില്‍ വെളുത്തനിറമുള്ള ഒരു പൂങ്കുല തിരയും. ഒരു മാമ്പഴം പൊഴിയുന്ന ശബ്ദത്തിനായി കാതോര്‍ക്കും. പക്ഷെ, ആ മാവ് നിസ്സഹായനായി ഞങ്ങളെ നോക്കി, തന്റെ ഒഴിഞ്ഞ ചില്ലകള്‍ ഇളക്കി ഒന്ന് നെടുവീര്‍പ്പിടുക മാത്രം ചെയ്യും.

വീണ്ടും മറ്റൊരു മാമ്പഴക്കാലത്തിനായുള്ള കാത്തിരിപ്പ്. അങ്ങനെ, എത്രയെത്ര വര്‍ഷങ്ങള്‍.

കുട്ടികള്‍ വലുതായതോട് കൂടി ആ മാവിന്റെ ചുവട്ടില്‍ കാത്തു നില്ക്കാന്‍ ആളില്ലാതെയായി. മാമ്പഴങ്ങള്‍ മുറ്റത്തും തൊടിയിലും പൊഴിഞ്ഞ്, ആരെയോ കത്ത് കിടന്നു. ഒടുവില്‍ അവ പഴുത്ത് അളിഞ്ഞു. ആര്‍ക്കും വേണ്ടാതെ അവ നശിച്ചു പോകുന്നത് കണ്ടു ആരോ അച്ഛനോട് ചോദിച്ചു 'മാങ്ങകള്‍ വിറ്റുകൂടെ?' അടുത്ത വട്ടം മുതല്‍ മാങ്ങകള്‍ വില്‍ക്കപ്പെടാന്‍ തുടങ്ങി. അങ്ങനെ ആ മാങ്ങകള്‍, പഴുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട്കാറ്റില്‍ ഇളകിയാടന്‍ ‍ ആവാതെ ഞെട്ടറ്റു.

ഇത്തവണ മാങ്ങകള്‍ വില്‍ക്കേണ്ട എന്ന് എനിക്ക് തോന്നി. ആ മാവിന്‍ ചോട്ടിലേക്ക്, എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം. പൊഴിയുന്ന മാമ്പഴങ്ങള്‍ പെറുക്കി മതിവരുവോളം കഴിക്കണം. ഇന്ന് ഒരുപക്ഷെ മത്സരിക്കാന്‍ മറ്റാരും ഉണ്ടാവില്ല. താന്‍ ഒറ്റക്കായിരിക്കും. 
പക്ഷെ എനിക്ക് അതിനു കഴിയുമോ? എന്തിനുവേണ്ടിയെന്നു എനിക്ക് തന്നെ നിശ്ചയമില്ലാത്ത ജീവിതപ്പാച്ചിലിനിടയില്‍ ആ മാഞ്ചുവട്ടില്‍ ചെന്നിരിക്കാന്‍ ഇനിയൊരു ബാല്യം തന്നില്‍ അവശേഷിക്കുന്നുണ്ടോ? ഉണ്ടാവില്ല. നിശ്ചയം. എന്നെ കാത്തിരുന്നാല്‍ ആ മാമ്പഴങ്ങള്‍ക്കു നിരാശരാവേണ്ടിവരും. പഴുത്തു അളിഞ്ഞെന്നിരിക്കും. വേണ്ട. അതിലും ഭേദം ആ മാമ്പഴങ്ങള്‍ പഴുക്കാതെ ഇരിക്കുന്നതാണ്. 

ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ പ്രീയപ്പെട്ട രുചികള്‍ക്കും മണങ്ങള്‍ക്കും ഒപ്പം ആ മാമ്പഴങ്ങളും ഞാന്‍ കൂട്ടിവെച്ചു.