Wednesday, August 30, 2017

കല്ല്

ഹൃദയം ഒരു കല്ലെന്നാണ് അവളുടെ പരിഭവം.
ചിരിച്ചതേയുള്ളൂ ഞാന്‍....
പാവത്തിനറിയില്ലല്ലോ, 
കാലമെത്തും മുൻപേ മരിച്ചൊരു പ്രണയം ആ കല്ലിനിടയിൽ ഉറങ്ങുന്നുണ്ടെന്ന്
നീറുന്ന ഈ മൗനം  അതിലെരിയുന്ന മെഴുതിരിയെന്നും.

Saturday, August 17, 2013

പെയ്തുതീരാതെ ഈ മഴ....

ഒന്നും ചെയ്യാനില്ലാത്ത വൈകുന്നേരം, മുറ്റത്ത് പെയ്യുന്ന മഴയെ നോക്കി, ചൂട് കാപ്പിയും മൊത്തി, ഇരിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ്, അവളുടെ മുഖം ഓർമ്മയിലേക്ക് ഒരു തണുപ്പായി ഇരച്ചു കയറിയത്.

ധന്യ. അതായിരുന്നു അവളുടെ പേര്.

ഞാൻ പ്രണയിച്ച അനേകം പെണ്‍കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു അവൾ. പക്ഷെ, മഴയോട് പ്രണയം തോന്നിയപ്പൊഴൊക്കെ മനസ്സിൽ തെളിഞ്ഞ ചിത്രങ്ങളിൽ അവളുടെ കണ്ണുകളുമുണ്ടായിരുന്നു. കണ്ണുകളിലെ, അർഥം വായിച്ചെടുക്കാൻ എനിക്കിന്നുവരെ കഴിഞ്ഞിട്ടില്ലാത്ത ഒരുപാട് ചോദ്യങ്ങളും.

എന്നാണു ഞാൻ മഴയെ പ്രണയിച്ചു തുടങ്ങിയത്? ഞാൻ ഓർത്തു നോക്കി. ഓർമകളിൽ നര വീണു തുടങ്ങിയിരിക്കുന്നു. എന്നാലും ചില ചിത്രങ്ങൾ അങ്ങനെ തന്നെ, മറയാതെ, മങ്ങാതെ, തെളിഞ്ഞു നില്ക്കുന്നു.

അത് നിർത്താതെ മഴ പെയ്ത ഒരു  കർക്കിടകമായിരുന്നു. ഞാൻ അന്ന് ഒരു കുട്ടിയായിരുന്നു. മീശ മുളച്ചു തുടങ്ങിയ ഒരു പത്താം ക്ലാസ്സുകാരൻ കുട്ടി. അവനു മഴയെ ഇഷ്ടമായിരുന്നില്ല. ഇരുണ്ടു മൂടിയ പ്രഭാതങ്ങളിൽ ബാഗും തൂക്കി, കുടയും ചൂടി സ്കൂളിലേക്ക് പോകാൻ അവനു മടിയായിരുന്നു. ഉടുപ്പുനനയ്ക്കാനും കളി മുടക്കാനും മാത്രമായിട്ടു എന്തിനാണ് മഴവരുന്നത്? പെയ്യുകയാണെങ്കിൽ നാട്ടിലെ കുളങ്ങളും പാടങ്ങളും ഒക്കെ നിറച്ചു സ്കൂളിനു ഒരാഴ്ചത്തെ അവധിയെങ്കിലും തന്നിട്ട് പോകരുതോ? മഴ പെയ്യുമ്പോൾ സ്വന്തം മുറിയിൽ, കട്ടിലിലെ കമ്പിളിപ്പുതപ്പിനുള്ളിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നത് മാത്രമായിരുന്നു അവനിഷ്ടം.

വൈകുന്നേരങ്ങളിൽ ട്യുഷൻ ക്ലാസ്സിനു പോകാൻ പക്ഷേ അവനു മടി ഇല്ലായിരുന്നു. പഠിക്കാനുള്ള ആവേശം കൊണ്ടായിരുന്നില്ല അത്. അവന്റെ ഒപ്പം ട്യുഷൻ പഠിക്കാൻ വന്നിരുന്ന പെണ്‍കുട്ടിയെ കാണുന്നത് അവനെ അത്രമേൽ സന്തോഷിപ്പിച്ചിരുന്നു. അവളെ കാണാൻ വേണ്ടിയായിരുന്നല്ലോ അവൻ അത്രയും ദൂരെയുള്ള ടീച്ചറിന്റെ അടുത്ത് തന്നെ പഠിക്കാൻ പോയത്.

ധന്യ എന്നായിരുന്നു കുട്ടിയുടെ പേര്. അവൾ പഠിച്ചിരുന്നത് മറ്റൊരു സ്കൂളിൽ. അവളുടെ ക്ലാസ്സിലെ ഏറ്റവും മിടുക്കി. അവനാണെങ്കിൽ, അവന്റെ ക്ലാസ്സിലെ ഉഴപ്പന്മാരുടെ കൂട്ടത്തിലെ പ്രധാനിയും. അവന്റെ കൂട്ടുകാരൻ വഴിയാണ് അവൻ അവളെ ആദ്യമായി കാണുന്നതും, അവൾ ടീച്ചറിന്റെയടുത്താണ് പഠിക്കുന്നത് എന്നറിഞ്ഞതും.

അവൾ വന്നിട്ടുണ്ടാവണേ എന്ന് പ്രാർഥിച്ചു കൊണ്ടാണ് ഓരോ ദിവസവും അവൻ ട്യുഷന് പോകുക. അവൾ ഇല്ലാത്ത ദിവസങ്ങളിൽ ആകെപ്പാടെ അവനു അസ്വസ്ഥതയാണ്. പഠിപ്പിക്കുന്നതൊന്നും തലയിൽ കയറില്ല. ക്ലാസ്സിൽ ഇരിക്കാൻ തന്നെ തോന്നില്ലതലവേദനയെന്നോ പനിയെന്നോ ഒക്കെ പറഞ്ഞു അവൻ നേരത്തെ മടങ്ങിപ്പോകുകയും ചെയ്യുമായിരുന്നു. പക്ഷെ ക്ലാസ്സിൽ അവൾ ഉള്ളപ്പോൾ അവനു വല്ലാത്തൊരു ഉഷാറാണ്. പഠിപ്പിക്കുന്നതൊക്കെ ശ്രദ്ധയോടെ കേട്ടിരിക്കുന്നതായി ഭാവിക്കും. സംശയങ്ങൾ ചോദിക്കും. പക്ഷെ സത്യത്തിൽ, ഓരോ നിമിഷവും, അവന്റെ മനസ്സ് അവളുടെ ചുറ്റും വലം വെച്ച് കൊണ്ടിരിക്കുകയാവും. അവളുടെ ഓരോ നോട്ടവും ചിരിയും സംസാരവും അവനെ രോമാഞ്ചം കൊള്ളിച്ചുകൊണ്ടെയിരുന്നു.

തനിക്കു അവളോട് പ്രണയമാണെന്ന് അവൻ സ്വയം വിശ്വസിച്ചു. പക്ഷെ ഒരു നോട്ടം കൊണ്ടുപോലും അതിന്റെ ഒരു സൂചന അവൾക്കു കൊടുക്കാൻ അവനു ധൈര്യം ഉണ്ടായിരുന്നില്ല. വല്ലപ്പോഴും ഒരിക്കൽ മാത്രമാണ് അവർ തമ്മിൽ സംസാരിച്ചിട്ടുള്ളത് പോലും. അവളോട്‌ സംസാരിക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ചിറങ്ങുന്ന ദിവസങ്ങളിൽ എല്ലാം അവന്റെ ചുണ്ടുകളിൽ വല്ലാതെ വിറ പടരുമായിരുന്നു.  

മഴ നിഴൽ മൂടിയ ഒരു വൈകുന്നേരം, പതിവ് പോലെ അവൻ ട്യുഷന് പോകാൻ ഇറങ്ങി. വീട്ടിൽ അതിഥികൾ  ഉണ്ടായിരുന്നത് കൊണ്ട് അല്പം വൈകി. അവളെ കാണാനുള്ള ധൃതിയിൽ, കുട എടുക്കാൻ മറന്നു. വഴിയിൽ വെച്ചാണ് കുടയുടെ കാര്യം ഓർത്തത്. പക്ഷെ തിരിച്ചു പോകാൻ മനസ്സ് പറഞ്ഞില്ല. ഭാഗ്യത്തിന് മഴയും പെയ്യുന്നില്ല. ഓടി അണച്ച് ക്ലാസ്സിൽ എത്തിയപ്പോൾ അവന്റെ നെഞ്ചിടിപ്പ് ഒരു നിമിഷത്തേക്ക് നിന്നു പോയി. അവൾ അന്ന് വന്നിട്ടില്ല.

അന്നത്തെ ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചതൊന്നും അവനു മനസ്സിലായില്ല. പുറത്തു പതിയെ മഴ പെയ്യാൻ തുടങ്ങി. മഴയെക്കാൾ ഉച്ചത്തിൽ അപ്പോൾ അവന്റെ മനസ്സ് ഇരമ്പിക്കൊണ്ടിരുന്നു.

പെട്ടെന്നാണ് വാതിൽക്കൽ അവളുടെ മുഖം തെളിഞ്ഞത്. ഒപ്പം അവന്റെ മനസ്സും. വീർപ്പുമുട്ടിയിരുന്ന മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി. ഓടിച്ചെന്നു അവളെ കേട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ ആണ് അവനു അപ്പോൾ തോന്നിയത്. അത്രയ്ക്ക് സന്തോഷവും ആശ്വാസവും തോന്നി.

അവൾ വന്നിരുന്നതും ടീച്ചർ പഠിപ്പിക്കുന്നത് തുടർന്നു. ടീച്ചറിനോട് അവനു ദേഷ്യമാണ് തോന്നിയത്. അവളെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കണം എന്ന് മനസ്സ് അവനോടു പറയുന്നുണ്ട്. വരാൻ എന്തെ വൈകിയത് എന്ന് ചോദിക്കണം എന്നും. പക്ഷെ ടീച്ചറിനു തന്റെ ഉള്ളിലെ വീർപ്പുമുട്ടൽ അറിയാൻ കഴിയുന്നില്ലെല്ലോ. എന്നാലും ഇടയ്ക്കിടെ അവൻ ഒളികണ്ണിട്ടു അവളെ നോക്കി. മഴയിൽ അവൾ നനഞ്ഞിരിക്കുന്നു. നെറ്റിയിലേക്ക് പാറിവീണ അവളുടെ മുടിയുടെ തുമ്പത്ത് ഒരു മഴതുള്ളി തിളങ്ങുന്നത് അവൻ കണ്ടു. ചുണ്ടുകളിലും ഒരു നനവുണ്ടോ?

ഭാഗ്യം, ക്ലാസ്സ് കഴിഞ്ഞിരിക്കുന്നു. അവളോട് വൈകിയതിനെ പറ്റി ചോദിക്കണം. അവൻ മനസ്സിൽ ഉറപ്പിച്ചു. പക്ഷെ അപ്പോഴേക്കും ബുക്ക് ബാഗിൽ വെച്ച് അവൾ പോകാൻ എണീറ്റിരുന്നു. അവന്റെ ചോദ്യം വിഴുങ്ങി. അവനും ബാഗെടുത്തു അവളുടെ പുറകെ നടന്നു. അപ്പോഴും പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു.

അവർക്ക് രണ്ടുപേർക്കും രണ്ടു വഴിക്കാണ് പോകേണ്ടിയിരുന്നത്. അവൾ പോകാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് അവന്റെ കയ്യിൽ കുട ഇല്ലെന്നു അവൾ ശ്രദ്ധിച്ചത്. "വരുന്നോ? റോഡ് വരെ വേണേൽ വിടാം". അവളുടെ ചോദ്യം ഒരു വെടിയുണ്ട പോലെ അവന്റെ നേരെ വന്നടുത്തു. വരാം എന്ന് പറയാൻ മാത്രമേ അവനു ശക്തിയുണ്ടായിരുന്നുള്ളൂ. വഴി പോയാൽ അവനു ദൂരം കൂടുതൽ ആണ്. പക്ഷെ അതൊന്നും അപ്പോൾ അവനൊരു പ്രശ്നമായിരുന്നില്ല.

അവളുടെ ഒപ്പം അവനും ആ മഴയിലേക്ക് ഇറങ്ങി. ടീച്ചറിന്റെ വീടും കടന്നു ഒരു വളവും കഴിഞ്ഞു റബ്ബർ തോട്ടത്തിന് ഇടയിലുള്ള വഴിയിലൂടെ അവർ ഒരു കുടക്കു കീഴിൽ നടന്നു. പൊതുവഴി ആണെങ്കിലും മഴ ആയതുകൊണ്ടാവണം, ആരും വഴിയിലെങ്ങും ഉണ്ടായിരുന്നില്ല. അവന്റെ ബാഗ് പകുതിയും നനയുന്നുണ്ടായിരുന്നു. എങ്കിലും അവളുടെ ദേഹത്ത് അറിയാതെ പോലും തോടാതിരിക്കാൻ പരമാവധി മാറിയാണ് അവൻ നടന്നത്. അവൻ നനയുന്നത് കണ്ടത് കൊണ്ടാവണം, അവൾ അവന്റെ അരികിലേക്ക് കൂടുതൽ കൂടുതൽ നീങ്ങി നടന്നു.

മഴയുടെ സംഗീതം അവൻ ആദ്യമായി കേട്ടത് അന്നായിരുന്നു. അതിന്റെ താളത്തിനൊപ്പിച്ചു അവൻ നടന്നു. നടക്കുന്തോറും അവളുടെ നനഞ്ഞ മുടിയിഴകൾ അവന്റെ മുഖത്തേക്ക് പറന്നു വീണു. അവളുടെ മുടിക്ക് നല്ല മുല്ലപ്പൂവിന്റെ മണമായിരുന്നു. അവളോട് ചോദിക്കാൻ മനസ്സിൽ കരുതിവെച്ച ചോദ്യങ്ങൾ എല്ലാം അപ്പോൾ അവൻ മറന്നു

 മുല്ലപ്പൂവിന്റെ മണം അവനെ മത്ത് പിടിപ്പിച്ചുകൊണ്ടിരുന്നു. ഉന്മാദത്തിന്റെ പരകോടിയിൽ എപ്പോഴോ അത് സംഭവിച്ചു. ഒരു മിന്നൽ പിണർ പോലെ. മഴപ്പാട്ടിന്റെ മുറുകിയ താളം പോലെ. കഴുത്തു നീട്ടി അവളുടെ നനഞ്ഞ വലത്തേ കവിളിൽ അവനൊരു ഉമ്മ കൊടുത്തു.

അവൾക്കൊപ്പം അവനും അതൊരു ഞെട്ടലായിരുന്നു. അബോധത്തിന്റെ മയക്കത്തിൽ നിന്നും അവൻ സ്വബോധത്തിലേക്ക്  വരാൻ ഒരല്പസമയം എടുത്തു. കൈ നീട്ടി അവന്റെ കവിളത്ത് ആഞ്ഞൊരു അടി. അതായിരുന്നു അവളുടെ മറുപടി.

വളരെ പരുഷമായി അവനെ നോക്കിയിട്ട് ഒന്നും മിണ്ടാതെ അവൾ മുന്നോട്ടു നടന്നു. കുറച്ചു ദൂരം നടന്ന അവൾ നിന്നു. അവൻ മഴ നനയുകയാണെന്ന് ഓർത്തിട്ടാവണം, തിരിഞ്ഞു നോക്കി. ഒരു അപരാധിയുടെ കണ്ണുകളോടെ അവൻ ദയനീയമായി അവളെ നോക്കി.  

നോട്ടത്തിൽ മനസ്സലിഞ്ഞിട്ടാണോ എന്നറിയില്ല, മഴ നനയാതെ കുടയിലേക്ക് വരാൻ അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അവൻ പക്ഷെ ഒരു പ്രതിമയെ പോലെ നിന്നതേയുള്ളൂ. അവൾ പതിയെ അവന്റെ അടുത്തേക്ക് ചെന്നു. ഒരു നിമിഷം അവന്റെ കണ്ണുകളിലേക്കു നോക്കി. കണ്ണുകൾ കൊണ്ട് അവൾ പറഞ്ഞതൊന്നും അവനു വായിച്ചെടുക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന്, ഒരു നിമിഷാർദ്ധം കൊണ്ട്, അവൾ അവനെ തുരുതുരാ ചുംബിച്ചു. കവിളിലും ചുണ്ടിലും കണ്ണിലും ഒക്കെ. പകുതിക്കുവെച്ചു മുറിഞ്ഞു പോയ ഒരു പാട്ട് പഴയതിലും ഉച്ചത്തിൽ ആരോ പാടാൻ തുടങ്ങുകയായിരുന്നു. ചുണ്ടുകളിൽ അവനു തേന്മധുരം.

ഒരു നിമിഷം കൊണ്ട് അവൻ ഒരു കാറ്റായി മാറി. ഇലയിൽ നിന്നും പൊഴിയാൻ തുടങ്ങിയ ഒരു തുള്ളിയെ തഴുകിപ്പോയ കാറ്റ്. അടുത്ത നിമിഷം, ആ ഇലയിൽ നിന്നും താഴേയ്ക്ക് പതിച്ച മഴത്തുള്ളിയായി അവൻ. കുതിർന്ന മണ്ണിൽ തട്ടി ചിതറി ഒരായിരം ചെറുതുള്ളികളായി വേർപെട്ട് മണ്ണിൽ അലിഞ്ഞ് അലിഞ്ഞ്.

 ഓർമ്മ തിരിച്ചു കിട്ടുമ്പോൾ അവൻ അവൾക്കൊപ്പം മഴ നനയുകയായിരുന്നു. അവന്റെ തോളിൽ അവൾ തല ചായ്ച്ചിരുന്നു.

അടുത്ത നിമിഷം അവൾ അവനിൽ നിന്നും അകന്നു. നിലത്തു വീണ കുടയും ബാഗും എടുത്തു തിരിഞ്ഞു നോക്കാതെ അവൾ വേഗത്തിൽ നടന്നു. അവൻ പക്ഷെ മഴയിൽ തന്നെ നിന്നു. അവന്റെ ചുണ്ടുകളിൽ നിന്നും തേനിന്റെ രുചി അപ്പോഴും പോയിരുന്നില്ല.

അന്ന് നനഞ്ഞ മഴയിൽ അവൻ ഒരാഴ്ചയോളം പനി പിടിച്ചു കിടന്നു. ക്ഷീണം വകവെക്കാതെ അവൻ ട്യുഷന് പോകാൻ തുനിഞ്ഞെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല.

അസുഖം മാറി അവൻ ട്യുഷന് പോയിത്തുടങ്ങിയത് ഏറെ ആവേശത്തോടെയായിരുന്നു. പക്ഷെ അങ്ങനെ ഒരു മഴ അവർക്കിടയിൽ പെയ്തിട്ടില്ലാത്തത് പോലെ അവൾ പെരുമാറി. അവനിൽ നിന്നും അകന്നു മാറാൻ അവൾ ശ്രമിച്ചു. അവന്റെ നോട്ടങ്ങൾ അവഗണിച്ചു. ചോദ്യങ്ങൾ കേട്ടില്ല. ഒന്നുകൂടി അവളെയൊന്നു തൊടാൻ അവൻ ഒരുപാട് ആഗ്രഹിച്ചു. പക്ഷെ അവൾ ഒഴിഞ്ഞുമാറി. അവന്റെ പ്രണയാഭ്യർത്ഥനകൾക്ക് അവൾ കണ്ണുകൾ കൊണ്ട് മാത്രം മറുപടി പറഞ്ഞു. മറുപടിയിൽ ഭയമുണ്ടായിരുന്നു. കുറ്റബോധം ഉണ്ടായിരുന്നു.

അവൻ കുടയെടുക്കാതെ പോയ വൈകുന്നേരങ്ങളിൽ ഒന്നും പിന്നെ മഴ പെയ്തില്ല. അവളോട്‌ സംസാരിക്കാൻ പിന്നീടൊരിക്കലും അവനു കഴിഞ്ഞില്ല. വർഷാവസാന പരീക്ഷയ്ക്ക് രണ്ടു മാസം മുൻപേ അവൾ ട്യുഷൻ അവസാനിപ്പിച്ചിരുന്നു. അവൾ distinction ഓടെ പാസ്സ് ആയെന്നു പിന്നീട് അവൻ ട്യുഷൻ ടീച്ചറിൽ നിന്നും അറിഞ്ഞു. അവനും കഷ്ടിച്ച് പാസ്സ് ആയിരുന്നുഅന്ന് അവൻ തീരുമാനിച്ചിരുന്നു, എന്നെങ്കിലും ഒരിക്കൽ താൻ അവളെ സ്വന്തമാക്കുമെന്ന്. 

പുതിയ കോളേജ്, പുതിയ നഗരം, പുതിയ ഓഫീസ്. എല്ലായിടത്തും അവൻ പുതിയ കണ്ണുകൾ കണ്ടു. ചിരികൾ കണ്ടു. കൊഞ്ചലുകൾ കേട്ടു. പതിയെ, അവൻ അവളെ മറന്നു.

പിന്നെയും ഓരോ വർഷവും മഴക്കാലം വന്നു പോയി. പാടങ്ങളും കുളങ്ങളും നിറഞ്ഞു. ബാഗും തൂക്കി, കുടയും ചൂടി കുട്ടികൾ മടിയോടെ സ്കൂളുകളിലേക്ക് പോയിഅവൻ ഇന്ന് ഒരു ഭർത്താവായി, അച്ഛനായി, സ്വന്തം വീട്ടിൽ സംതൃപ്തനായി കഴിഞ്ഞുപോന്നു. അവനിൽ നിന്നും എന്നിലേക്കുള്ള ദൂരം, ഓർമ്മയുടെ ഈ നേർത്ത പാട മാത്രമായി. 

ആർദ്രമായൊരു പാട്ടിന്റെ താളത്തിൽ മഴ പെയ്യുന്നത് കാണുമ്പോൾ, അപ്പോൾ മാത്രം, അവന്റെ ശ്വാസത്തിൽ മുല്ലപ്പൂ മണം നിറഞ്ഞു. ചുണ്ടിൽ തേനിന്റെ  മധുരം നുണഞ്ഞു.