Saturday, June 4, 2011

കാത്തിരിപ്പിന്റെ അവസാനം....


മേലെ നീല കാന്‍വാസില്‍ ആരോ തേച്ച വെളുപ്പിനിടയിലാകെ കരി പടര്‍ന്നു. അത് കണ്ടു ഭയപ്പെട്ടു ഒരു കൂട്ടം കിളികള്‍ ബഹളം വെച്ച് പറന്നുപോയി. ഉണങ്ങിക്കരിഞ്ഞ പുല്‍നാമ്പുകളില്‍ തണുത്ത കാറ്റു വീശി. വരണ്ട ഭൂമി അതിന്റെ ചുണ്ട് നനയ്ക്കാന്‍ നെടു നീളെ വിണ്ടുകീറി കാത്തിരുന്നു. ദൂരത്തെവിടെയോ ഒരു തവളക്കുഞ്ഞു കരഞ്ഞു തുടങ്ങി. വരള്‍ച്ചയില്‍ നിന്നും പ്രളയത്തിലേക്ക് ഇനി എത്ര ദൂരം എന്ന് അറിയാതെ പകച്ച്‌ മനുഷ്യര്‍ ധൃതിയില്‍ വീടുകളിലേയ്ക്ക് ഓടി. ഞാന്‍, ഏകനായ ഞാന്‍, ജനാലയുടെ രണ്ടു പാളികളും തുറന്നിട്ട്‌, മുറ്റത്തെ മുല്ലതൈയ്യുടെ വിറയ്ക്കുന്ന ഇലപ്പടര്‍പ്പിലെയ്ക്ക് നോക്കി, കസേരയില്‍ ചാരി വെറുതെ ഇരുന്നു. എനിക്ക് മുന്നില്‍ കഥയായും കവിതയായും പാട്ടായും പെയ്തു വീഴാന്‍ പോകുന്ന നനുത്ത നൂറു നൂറു തുള്ളികളുടെ മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് ....