Saturday, July 2, 2011

തീരമില്ലാത്ത പുഴ


അവള്‍ക്കു വേണ്ടി കണക്കു പുസ്തകത്തിന്റെ താളില്‍ അയ്യായിരം രൂപയുടെ കടം കുറിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു; അറു പിശുക്കന്‍ എന്ന് എല്ലാവരും വിളിക്കുന്ന ഞാന്‍, കുറച്ചു ദിവസത്തെ പരിചയത്തിനും അപ്പുറം മറ്റു യാതൊരു ബന്ധവും ഇല്ലാത്ത ഈ പെണ്‍കുട്ടിക്ക് വേണ്ടി ഇത്രയും രൂപ കൊടുക്കാം എന്ന് പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു?

അതിനു എനിക്കവള് ആരാണ്? ചുവന്ന അകിടില്‍ നിന്നും മാനം പാല് ചുരത്തുന്ന തണുത്ത പ്രഭാതങ്ങളില്‍ കയ്യില്‍ പാല്‍പാത്രവുമായി കടന്നു വരുന്ന പെണ്‍കുട്ടികഴിഞ്ഞ മൂന്നു മാസങ്ങളായി എന്റെ പ്രഭാതങ്ങളില്‍ പാല്പുഞ്ചിരിയുടെ കണി സമ്മാനിക്കുന്നവള്‍. വെറുമൊരു പാല്‍ക്കാരി. 

പരിച്ചയപ്പെട്ടതുമുതല്‍ അവള്‍ ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുതുകയായിരുന്നു. കുടുംബത്തിന്റെ പ്രാരാബ്ധം നോക്കാന്‍ ചെറുപ്പത്തിലെ പശുവിനെ മേയ്ക്കാന്‍ വിധിക്കപ്പെട്ട ഒരു പെണ്‍കുട്ടി എന്നേ ഞാന്‍ ആദ്യം കരുതിയിരുന്നുള്ളൂ. പക്ഷെ അവളെകുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയ അനുകമ്പ സ്നേഹമായി, ബഹുമാനമായി വളര്‍ന്നു.

മേരിഅതായിരുന്നു അവളുടെ പേര്.  സ്ഥലം മാറ്റമായി ആ നാട്ടില്‍ എത്തിയ ഞാന്‍ അവിടെ ആദ്യമായി പരിചയപ്പെട്ട ആളുകളില്‍ ഒരാള്‍. വാടകക്കാരന് എന്നും പാല്‍ കൊണ്ടുകൊടുക്കാന്‍ ഗൃഹനാഥന്‍ ഏല്‍പ്പിച്ചതായിരുന്നു അവളെ.

ജോലിത്തിരക്ക് കാരണം നാട്ടില്‍ മറ്റുള്ളവരുമായി അധികം ഇടപഴകാന്‍ അവസരം കിട്ടാതിരുന്ന എനിക്ക് നാട്ടുവിശേഷങ്ങള്‍ അറിയാന്‍ അവള്‍ ആയിരുന്നു ആശ്രയം. ചോദ്യങ്ങള്‍ക്കൊക്കെ കഴിവതും ഒരു ചിരിയില്‍ അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്കില്‍ അവളുടെ ഉത്തരം അവസാനിക്കുമായിരുന്നു. അവളെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ പക്ഷെഉത്തരം പറയാതെ ഒഴിഞ്ഞു മാറി. എനിക്ക് വായിച്ചെടുക്കാന്‍ കഴിയാത്ത ഏതോ വികാരങ്ങള്‍ ആ മുഖത്ത് മിന്നിമറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവള്‍ വാചാലയായി ഞാന്‍ കണ്ടിട്ടുള്ളത് റോസിയെ പറ്റി പറയുമ്പോള്‍ മാത്രമായിരുന്നു. റോസി എന്ന അവളുടെ തവിട്ടു നിറമുള്ള പൂവാലിപ്പശുവിനെ പറ്റി പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ വികസിക്കുന്നതും മുഖത്ത് ഒരു ആവേശം നിറയുന്നതും ഞാന്‍ കണ്ടു. ഒരമ്മ സ്വന്തം കുഞ്ഞിന്റെ വികൃതികള്‍ മറ്റുള്ളവരോട് പറഞ്ഞു സന്തോഷിക്കുന്ന പോലെ. അതുകൊണ്ടുതന്നെ റോസി അവള്‍ക്കു വെറുമൊരു വളര്‍ത്തു മൃഗം മാത്രം അല്ല എന്നെനിക്കു മനസ്സിലായി. അതിലുമേറെ എന്തോ ഒരാത്മ ബന്ധം അവള്‍ക്ക് അതിനോട് ഉണ്ടായിരുന്നിരിക്കണം.  

ക്രമേണ ഞങ്ങള്‍ തമ്മിലുള്ള പരിചയം കൂടി വന്നു. അവളെക്കുറിച്ച് കൂടുതല്‍ എന്നോട്  പറഞ്ഞുതുടങ്ങി.  അവള്‍ക്കു മുപ്പതു വയസ്സുണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം, മുപ്പതു വര്‍ഷങ്ങള്‍ക്കും, ആ മുപ്പതു വര്‍ഷങ്ങളില്‍ അവള്‍ കടന്നു വന്ന ജീവിത സന്ധികള്‍ക്കും അവളുടെ മേല്‍ അവശതയുടെയോ നിരാശയുടെയോ മുദ്രകള്‍ പതിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഒരു ഇടത്തരം കുടുംബത്തിലെ രണ്ടു മക്കളില്‍ ഇളയവളായി മേരി ജനിച്ചു. വളരെ കണിശക്കാരനായ ഒരു അധ്യാപകനും, ഒരു മത വിശ്വാസിയും ആയിരുന്നു അവളുടെ അച്ഛന്‍.  തന്റെ അമിതമായ മതവിശ്വാസം അതേ അളവില്‍ തന്നെ മക്കളിലും വളര്‍ത്താന്‍ അയാള്‍ ശ്രമിച്ചു. അവളുടെ അമ്മയെ പോലെ തന്നെ അവളും ആ മനുഷ്യനെ ഭയപ്പെട്ടു. അവളുടെ ബാല്യത്തിനു മങ്ങിയ നിറങ്ങളെ ഉണ്ടായിരുന്നുള്ളു. അവളുടെ കൈകളില്‍ കുപ്പിവളകിലുക്കങ്ങള്‍ ഉണ്ടായില്ല. അവള്‍ക്കു അണിയാന്‍ കഴിയാതെ പോയ മാലകളും പൊട്ടുകളും അവളുടെ കൂട്ടുകാരികളുടെ ശരീരത്തില്‍ കിടന്നുകൊണ്ട് അവളെ കളിയാക്കി ചിരിച്ചു. അവള്‍ പക്ഷെ ആരോടും പരിഭവം പറഞ്ഞില്ല. തനിക്കു ചുറ്റും പണിതു വെച്ച വിലങ്ങുകള്‍ക്കിടയില്‍ നിശബ്ദം ജീവിച്ചു. 

അതില്‍ നിന്നൊരു മോചനം ഉണ്ടായതു അവള്‍ ജോണി എന്നാ ഓട്ടോ ഡ്രൈവറെ പരിചയപ്പെട്ടതിനു ശേഷമാണ്. തന്റെ പിതാവിനെ പോലെ സഹോദരനെ പോലെ എല്ലാ പുരുഷന്മാരും മുരടന്മാര്‍ ആണ് എന്ന് കരുതിയിരുന്ന അവളുടെ മനസ്സിലേക്ക് ജോണി പ്രണയത്തിന്റെ സുഖമുള്ള നുറുങ്ങുകളും തമാശകളുമായി കടന്നു കയറി. അവള്‍ ആ പ്രണയത്തിനു വളരെ വേഗം കീഴടങ്ങി.

ഒരേ മതം എങ്കിലും അവര്‍ രണ്ടു ജാതിയില്‍ പെട്ടവര്‍ ആയിരുന്നു. മറ്റുള്ളവര്‍ക്ക് മുന്‍പില്‍, ഒരിക്കലും ചേരാന്‍ പാടില്ലാത്തവര്‍. ഏതൊരു വിപ്ലവ പ്രണയ കഥയിലും സംഭവിക്കുന്നതൊക്കെ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിച്ചു. മര്‍ദ്ദനം, വീട്ടു തടങ്കല്‍, ഒളിച്ചോട്ടം, ഒടുവില്‍ രജിസ്റ്റര്‍ കല്യാണം. എല്ലാ വിലങ്ങുകളും പൊട്ടിച്ചു ഒടുവില്‍ അവള്‍ സ്വതന്ത്രയായി. പക്ഷെ കാലം അവള്‍ക്കായി കരുതിവെച്ച പരീക്ഷണങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. സ്നേഹപൂര്‍ണമെങ്കിലും, മക്കളില്ലാത്ത ദാമ്പത്യത്തിന്റെ ഏഴു നീണ്ട വര്‍ഷങ്ങള്‍ . ഒടുവില്‍ വൈധവ്യം.

എല്ലാം അവസാനിച്ചു എന്ന് എല്ലാവരും കരുതിയതാണ്. പക്ഷെ ആ പൂര്‍ണ്ണ വിരാമത്തില്‍ നിന്നും അവളുടെ ലോകം വീണ്ടും സഞ്ചരിച്ചു തുടങ്ങി.  നിരാലംബരായ  ജോണിയുടെ  മാതാപിതാക്കള്‍ക്ക് വേണ്ടി, പൂര്‍ത്തിയാവാതെ പോയ അയാളുടെ സ്വപ്നങ്ങള്ക്ക് വേണ്ടി അവള്‍ വീണ്ടും ജീവിച്ചു തുടങ്ങി 

ഒരു ചെറിയ വീട്ടിലായിരുന്നു അവളും ജോണിയുടെ മാതാപിതാക്കളും താമസിച്ചിരുന്നത്. പെയിന്റിംഗ് ജോലികള്‍ ചെയ്തിരുന്ന ചാക്കോ മാപ്ല രോഗതുരനായി കിടപ്പിലാണ്. കുഞ്ഞന്നാമയ്ക്കും ഓരോരോ അസുഖങ്ങള്‍ ആണ്. ആ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത അവള്‍ പാല് കൊടുത്തും തുണികള്‍ തുന്നിയും ജീവിതം മുന്നോട്ടു കൊണ്ടുപോയി.

ഡിഗ്രി പാസ്സായ അവള്‍ക്കു മറ്റെതെങ്കില്ലും ജോലിക്ക് ശ്രമിച്ചുകൂടെ എന്നൊരിക്കല്‍ ഞാന്‍ അവളോട്‌ ചോദിച്ചു. മേരി ജോലിക്കുപോകുന്നത് ജോണിക്ക് ഇഷ്ടമായിരുന്നില്ല. മാത്രമല്ല, റോസിയെ ഉപേക്ഷിച്ചു മറ്റൊരു ജോലിക്ക് പോകാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല. കാരണം റോസിയെ അവള്‍ അത്രയ്ക്ക് സ്നേഹിച്ചിരുന്നു. മക്കളില്ലാത്ത ദുഃഖം മേരിയുടെ ദിനങ്ങളില്‍ ഏകാന്തതയുടെ തീപോള്ളലുകള്‍ എല്പ്പിക്കുന്നത് അറിഞ്ഞപ്പോള്‍ ജോണി അവള്‍ക്കു വാങ്ങിക്കൊടുത്ത സമ്മാനം ആയിരുന്നു റോസി. അയാളുടെ അവസാനത്തെ പ്രണയ സമ്മാനം.

റോസിയെ അവള്‍ക്കു കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവള്‍ക്കു ജോണിയെ നഷ്ടപ്പെട്ടത്. ഒരു റോഡ്‌ അപകടം. തനിച്ചാണെന്ന് അതുവരെ കരുതിയിരുന്ന മേരി, പക്ഷെ അപ്പോളാണ് ശരിക്കും തനിച്ചായത്‌.

ആദ്യമൊക്കെ അവള്‍ക്കു റോസിയോടു ദേഷ്യമായിരുന്നു. ആഹാരം കിട്ടാതെയുള്ള അതിന്റെ നിലവിളികള്‍ അവള്‍ കേട്ടില്ല. പക്ഷെ വറ്റിപ്പോയെന്നു കരുതിയിരുന്ന സ്നേഹത്തിന്റെ ഉറവകളില്‍ വീണ്ടും സ്നേഹം ഊറി. പതിയെ പതിയെ, റോസിയോടു അവള്‍ക്കു അനുകമ്പ തോന്നി. എല്ലാം മറക്കാന്‍ അവള്‍ റോസിയോടൊപ്പം സമയം ചിലവിട്ടു. ക്രമേണ ആ കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗമായി റോസി മാറി.

കഴിഞ്ഞ ദിവസം ഒരല്‍പം മടിയോടെ ആണെങ്കിലും മേരി എന്നോട് കുറച്ചു പണം കടമായി ആവശ്യപ്പെടുകയായിരുന്നു. റോസി ഗര്‍ഭിണിയാണ്. പൊട്ടിപ്പൊളിഞ്ഞ ആ പശുതൊഴുത്തില്‍ ഒരു ക്ടാവിന് കൂടി ഇടമുണ്ടായിരുന്നില്ല. തൊഴുത്ത് ശരിയാക്കണം. അതിനു കുറച്ചു പണം വേണം. ശമ്പളം കിട്ടിയാല്‍ എന്റെ ചിലവിനുള്ളത് മാറ്റി വെച്ചിട്ട് ബാക്കി വീട്ടിലേക്കു അയക്കുന്നതാണ് എന്റെ പതിവ്. അതുകൊണ്ട് ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നും ഞാന്‍ പണം കടം വാങ്ങി. നാളെ രാവിലെ വന്നാല്‍ തരാം എന്ന് ഞാന്‍ അവളോട്‌ പറഞ്ഞിരുന്നു.

പിറ്റേന്ന് പ്രഭാതമായി. അവള്‍ പക്ഷെ വന്നില്ല. പാലും കൊണ്ടുവന്നില്ല. ഓഫീസില്‍ പോകുന്ന വഴി അവളുടെ വീട്ടില്‍ കൊണ്ട് കൊടുക്കാം എന്ന് കരുതി. ഞാന്‍ ഒരുങ്ങി ഇറങ്ങി. തലേന്ന് സുഹൃത്തിനോട്‌ മേടിച്ച പണവും ഞാന്‍ പേഴ്സില്‍ കരുതി.

വളവുതിരിഞ്ഞു അവളുടെ വീട്ടിലേക്കു ചെന്നപ്പോള്‍ അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നതാണ് കണ്ടത്. ആകെ ഒരു മൂകത. ഞാന്‍ വീട്ടിലേക്കു കടന്നു ചെന്നു. ചക്കൊമാപ്ലയ്ക്ക് അസുഖം കൂടിയിരിക്കുമോ? മുറിക്കുള്ളില്‍ വീട്ടുകാരെ ആരെയും കണ്ടില്ല.  ചക്കൊമാപ്ലയും കുഞ്ഞന്നമയും പിന്നാമ്പുറത്ത് കിണറ്റുകല്ലില്‍ ചാരി ഇരിക്കുന്നു. 

ചുറ്റും ഞാന്‍ മേരിയെ തിരഞ്ഞു. പൊളിഞ്ഞ ആ തൊഴുത്തിന് മുന്നില്‍  ഇരിക്കുകയായിരുന്നു അവള്‍ . ഒഴിഞ്ഞ ഒരു പാല്‍പാത്രം അരികില്‍ മറിഞ്ഞു കിടപ്പുണ്ട്. എന്റെ ഉള്ളില്‍ പെട്ടെന്നൊരു നാല്‍ക്കാലിയുടെ നിലവിളി ഉയര്‍ന്നു. ഞാന്‍ ആ തോഴുത്തിനടുത്തെക്ക് ചെന്നു. അവിടെ തൊഴുത്തിന്റെ ഒരു മൂലയില്‍ റോസി കിടക്കുന്നു. അനക്കമില്ലാതെ.

ആശ്വാസ വാക്കുകള്‍ക്കു വേണ്ടി കുറേ നേരം ആലോചിച്ചു പരാജയപ്പെട്ടു ഞാന്‍ തിരിഞ്ഞു നടന്നു. പെട്ടെന്ന് തൊണ്ട വരണ്ടതുപോലെ. വല്ലാത്ത ദാഹം. ഞാന്‍ റോഡിലേക്ക് ഇറങ്ങി. നടക്കുമ്പോള്‍ പോക്കറ്റില്‍ കിടന്ന പേഴ്സില്‍ അറിയാതെ എന്റെ കൈയ്യമര്‍ന്നു.


**തീരമില്ലാത്ത പുഴ..... പുഴയ്ക്കു തീരം, അതിന്റെ ഭാരം ഇറക്കി വെക്കാന്‍ ഒരിടമാണ്. അലയടിക്കുന്ന അസ്വാസ്ഥ്യങ്ങള്‍ ഏറ്റുവാങ്ങാന്‍ ഒരിടം.